കര്‍ണാടക : കര്‍ണാടകയെ ഇനി ആര് മുന്നോട്ട് നയിക്കണമെന്നതില്‍ ജനം വിധി എഴുതിത്തുടങ്ങി. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും എത്തി തുടങ്ങും.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ രാഷ്ട്രീയ ഗതി ഏതു രീതിയിലായിരിക്കുമെന്നു വെളിവാക്കുന്നതായിരിക്കും കര്‍ണാടകയിലെ തിരഞ്ഞെടുപ്പ്. രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

4.9 കോടി പേര്‍ വോട്ടു രേഖപ്പെടുത്തുന്ന സംസ്ഥാനത്ത് ആകെ 56,695 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാര്‍ഥികളാണു മത്സരിക്കുക. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് ന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഏഴിടത്ത് എം–3 മോഡല്‍ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *