ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈക്കെതിരെ രാജസ്ഥാന് നാല് വിക്കറ്റ് ജയം. 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബട്‌ലറാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്. ജയത്തോടെ രാജസ്ഥാന്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. സ്‌കോര്‍ ചെന്നൈ 20 ഓവറില്‍ 176–4, രാജസ്ഥാന്‍ 19.5 ഓവറില്‍ 177–6.

ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായ സംഭാവന നല്കാതിരുന്നതോടെ ആശങ്കയിലായ രാജസ്ഥാനെ ബട്‌ലറുടെ അര്‍ധശതകം ശതകമാണ് കരകയറ്റിയത്. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സാണ് രാജസ്ഥാനു വേണ്ടിയിരുന്നത്. സ്‌ട്രൈക്ക് എടുത്ത ബട്‌ലര്‍ക്ക് ആദ്യ പന്തില്‍ റണ്ണൊന്നും നേടാനായില്ല. രണ്ടാം പന്തില്‍ രണ്ടു റണ്‍സ്, ബട്‌ലര്‍ എഡ്ജ് ചെയ്ത മൂന്നാം പന്ത് വായുവില്‍ ഏറെനേരം ഉയര്‍ന്നുപൊങ്ങി.ക്യാച്ചെന്ന് കാണികള്‍ ഉറപ്പിച്ച നിമിഷം! എന്നാല്‍ ബോളിങ് ഫോളോത്രൂവില്‍ ബാലന്‍സ് നഷ്ടമായി ബ്രാവോ നിലത്തുവീണതിനാല്‍ ക്യാച്ചിനു ശ്രമിക്കാന്‍ പോലുമായില്ല. പന്ത് സുരക്ഷിതമായി ഗ്രൗണ്ടിലേക്ക്; ഇതിനിടെ ബട്‌ലര്‍ രണ്ടുറണ്‍സ് കൂടി പൂര്‍ത്തിയാക്കി. നാലാം പന്തില്‍ സിക്‌സടിച്ച ബട്‌ലര്‍ അഞ്ചാം പന്തില്‍ സിംഗിള്‍ നേടി. റണ്ണൗട്ട് ശ്രമം ഓവര്‍ത്രോയില്‍ കലാശിച്ചതോടെ രണ്ടാം റണ്‍സും മല്‍സരവും രാജസ്ഥാന്‍ വരുതിയിലാക്കി.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈക്ക് മികച്ച ടച്ചിലായിരുന്ന അമ്പാട്ടി റായിഡുവിനെ മൂന്നാം ഓവറില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഷെയ്ന്‍ വാട്‌സണും റെയ്‌നയും ഒന്നിച്ചതോടെ ചെന്നൈ സ്‌കോര്‍ ബോര്‍ഡില്‍ റണ്ണൊഴുക്കു തുടങ്ങി. എന്നാല്‍ 13ാം ഓവറിനു ശേഷം രാജസ്ഥാന്‍ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതോടെ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിച്ച ചെന്നൈ 176 ല്‍ ഒരുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *