കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനും അവരുമായി ബന്ധപ്പെട്ട സര്‍ക്കാരിതര സംഘടനയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ്

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനും അവരുമായി ബന്ധപ്പെട്ട സര്‍ക്കാരിതര സംഘടനയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ ഏഴ് ഭാരവാഹികള്‍ക്കാണ് സമന്‍സ്. ഇതുകൂടാതെ റീഹാബ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്കും ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്നാകെ ഹാജരാകാന്‍ സമന്‍സുണ്ട്.

പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പണമൊഴുക്കിയെന്നാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡിയുടെ ആരോപണം. എന്നാല്‍, സംഘടന ഇത് നിഷേധിച്ചിട്ടുണ്ട്. റീഹാബ് ഇന്ത്യയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പണം പിന്‍വലിക്കലും, നിക്ഷേപവും ഇഡി അന്വേഷിച്ചുവരുന്നു. പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ.അബൂബക്കറിനും ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത പണം പൂഴ്‌ത്തി വയ്ക്കല്‍ കേസിന് പുറമേയാണ് പൗരത്വ നിയമപ്രതിഷേധവുമായി ബന്ധപ്പെട്ട പണമൊഴുക്കലും അന്വേഷിക്കുന്നത്.

 പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ട്. പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന തീയതിയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ തീയതിയും തമ്മില്‍ ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍, ഇന്ദിര ജയ്‌സിങ്, ദുഷ്യന്ത് എ ദവേ, അബ്ദുള്‍ സമദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. കപില്‍ സിബലിന്റെ അക്കൗണ്ടിലേക്ക് 77 ലക്ഷവും ഇന്ദിര ജയ്‌സിംഗിന് 4 ലക്ഷവും ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും അബ്ദുള്‍ സമദിന് 3.10 ലക്ഷവും കൈമാറിയിട്ട്. കോഴിക്കോട് മാവൂര്‍ റോഡില്‍ സിന്‍ഡിക്കേറ്റ് ബാങ്കിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ നിന്നാണ് ഈ പണം അയച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ന്യു ജ്യോതി ഗ്രൂപ്പിന് 1.17 കോടിയും കശ്മീരിലെ പോപ്പുലര്‍ ഫ്രണ്ട് അക്കൗണ്ടിലേക്ക് 1.65 കോടി രൂപയും എത്തിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ‘സീന്യൂസ്’ പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *