ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ‘ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്‍രിവാള്‍ ബിരിയാണി നല്‍കാമെന്നേറ്റിട്ടുണ്ട്’ എന്ന യോഗിയുടെ പരാമര്‍ശത്തിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. പ്രാഥമിക അന്വേഷണത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായും കമ്മീഷന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് യോഗി ആദിത്യനാഥ് വിവാദമായ പരാമര്‍ശം കെജ്‍രിവാളിനെതിരെ ഡല്‍ഹിയില്‍ നടത്തിയത്.
അതെ സമയം ആംആദ്മി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗിനെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഫെബ്രുവരി രണ്ടിന് ശാഹീന്‍ ബാഗിലും ജാമിഅ പരിസരങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിട്ടുണ്ട് എന്നായിരുന്നു ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ആം ആദ്മി നേതാവ് പെരുമാറ്റ ചട്ടം ലംഘിച്ചതായും പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.
2020-02-07

