കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്. കൈയിലെ ആഴത്തിലുള്ള മുറിവ് കല്ലുകൊണ്ടുണ്ടാക്കിയതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കൈഞരമ്പ് കടിച്ചുമുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് ജോളിയുടെ മൊഴി. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നും ടൈലില്‍ ഉരച്ച് വലുതാക്കിയെന്നുമാണ് ജോളി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.
ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാൽ ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
2020-02-27


