ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികള്‍ തറപ്പിച്ചു പറയുന്നു.

വീടിന് കുറച്ചു ദൂരെയുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മുങ്ങല്‍ വിദ​ഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ദേ​വ​ന​ന്ദ​യുെട വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. പുഴയില്‍ കുറ്റിക്കാടിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടി ഒറ്റക്ക് അത്രയും ദൂരം പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്നു കാണാതായതും ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ഉണര്‍ത്തുന്നതാണെന്നു നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ വാദം.

അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പൊലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച്‌ തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങിയിരുന്നു. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *