കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ വിളിച്ച ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ചര്‍ച്ച. പിരിച്ചുവിട്ട സിഐടിയു പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ ആകില്ലെന്ന് മാനേജ്‌മെന്റ് നിലപാട് എടുത്തതോടെ ആണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി ലേബര്‍ കമ്മീഷനര്‍ക്ക് മുത്തൂറ്റ് മാനേജ്‌മെന്റ് കത്ത് നല്‍കി. ഹൈക്കോടതി നിര്‍ദേശപ്രകാരം 4 തവണയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്.
മാനേജ്മെന്റിനോടുള്ള പ്രതിഷേധ സൂചകമായി ഈ മാസം 9ന് മുത്തൂറ്റ് എംഡിയുടെ വീട്ടിലേക്ക് മാര്‍ച്ചു നടത്താൻ സിഐടിയു തീരുമാനിച്ചു. എന്നാല്‍, പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുമെന്നും എംഡി അടക്കമുള്ളവര്‍ 19ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുമെന്നും ലേബര്‍ കമ്മീഷണര്‍ തൊഴിലാളി നേതാക്കളെ അറിയിച്ചു.
മുത്തൂറ്റ് ഫിനാന്‍സിന്‍റെ 43 ശാഖകള്‍ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിന് എതിരെയാണ് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയപ്പോഴുമുള്ള മാനേജ്‌മെന്റിന്‍റെ കടുംപിടിത്തം ഇപ്പോഴും തുടരുകയാണ്.
2020-03-03

