ചെന്നൈ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മകളുടെയും അമ്മയുടെയും സഹായത്തോടെ ഭാര്യ തീകൊളുത്തി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ ജീവനഗറിലാണ്‌ സംഭവം. കെട്ടിട നിര്‍മാണ കരാറുകാരനായ പി. കന്തസ്വാമി(45)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കന്തസ്വാമിയുടെ ഭാര്യ അങ്കമ്മാളിനെയും മകളെയും അങ്കമ്മാളിന്റെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ നാലുമണിയോടെയാണ് കന്തസ്വാമിയെ അങ്കമ്മാളും മറ്റുരണ്ടുപേരും ചേര്‍ന്ന് തീകൊളുത്തിയത്. ഇതിനുശേഷം മൂവരും വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. പുലര്‍ച്ചെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് കന്തസ്വാമിയുടെ ദേഹമാസകലം തീപടര്‍ന്നുപിടിച്ചത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ച ശേഷം കന്തസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. ഉറങ്ങുന്നതിനിടെ ചിലര്‍ ദേഹത്ത് പെട്രോളൊഴിച്ചെന്നും തീകൊളുത്തിയെന്നുമായിരുന്നു കന്തസ്വാമിയുടെ മരണമൊഴി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസിന് തുടക്കം മുതലേ ഭാര്യയെ സംശയമുണ്ടായിരുന്നെങ്കിലും ഇവര്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന വാദം തടസമായി. സംഭവദിവസം പകല്‍ അങ്കമ്മാളും മകളും വീട്ടില്‍നിന്നും സ്വന്തംവീട്ടിലേക്ക് പോയിരുന്നു. കന്തസ്വാമി മാത്രമേ വീട്ടിലുള്ളൂവെന്ന് അയല്‍ക്കാരെ ബോധിപ്പിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ അര്‍ധരാത്രിയോടെ ഇരുവരും അങ്കമ്മാളിന്റെ അമ്മയോടൊപ്പം തിരിച്ചെത്തുകയും കൃത്യം നടത്തിയ ശേഷം ഓടിരക്ഷപ്പെടുകയുമായിരുന്നു.
അങ്കമ്മാളിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഈ ഏപ്രിലിന് ശേഷം ആ സ്ത്രീയോടൊപ്പം താമസിക്കാനായിരുന്നു കന്തസ്വാമിയുടെ പദ്ധതിയെന്നും ഭാര്യ പറയുന്നു. ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിനു തയ്യാറാകാതിരുന്നതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ അങ്കമ്മാളും മകളും മാതാവും തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *