ന്യൂഡല്‍ഹി: നിര്‍ഭയ ബലാല്‍സംഗക്കേസിലെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഇന്റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) സമീപിച്ചു. അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകനാണ് അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചത്. അതേസമയം, നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹരജി തിങ്കളാഴ്ച സുപ്രിംകോടതി തള്ളി. അഭിഭാഷകന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും തനിക്ക് നിയമപരമായ പരിരക്ഷ വീണ്ടും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മുകേഷ് സിങ് സുപ്രിംകോടതിയെ സമീപിച്ചത്.
ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എം ആര്‍ ഷായും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മുകേഷ് സിങ്ങിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചുകഴിഞ്ഞതാണെന്ന് സുപ്രിംകോടതി പറഞ്ഞു. മുകേഷ് സിങ്ങിന്റെ ഹരജി സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് മറ്റു പ്രതികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.
മാര്‍ച്ച്‌ 20ന് പുലര്‍ച്ചെ 5.30നാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികള്‍ പലഘട്ടങ്ങളിലായി കോടതിയെ സമീപിക്കുകയും ദയാഹരജി നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് നേരത്തെ മൂന്ന് തവണ മരണവാറന്റ് പുറപ്പെടുവിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *