ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹിയിലെ കോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. രാജസ്ഥാനില്‍നിന്ന് മറ്റൊരു കേസില്‍ അറസ്റ്റുചെയ്ത മുകേഷ് സിങ്ങിനെ 2012 ഡിസംബര്‍ 17-നാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്നും നിര്‍ഭയ കേസിന് ആസ്പദമായ കുറ്റകൃത്യം നടന്ന ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ അവകാശവാദങ്ങളെല്ലാം കോടതി തള്ളി.
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹര്‍ജി സമര്‍പ്പിച്ചതിന്റെ പേരില്‍ മുകേഷ് സിങ്ങിന്റെ അഭിഭാഷകന്‍ എം.എല്‍ ശര്‍മയെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
മാര്‍ച്ച് 20 ന് രാവിലെ 5.30 ന് നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാനിരിക്കെയാണ് വധശിക്ഷ വൈകിപ്പിക്കാനുള്ള പുതിയ നീക്കം. മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26) അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നവര്‍.
2020-03-17
