തിരുവനന്തപുരം: ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കാട്ടാക്കട പൂവച്ചല്‍ പഞ്ചായത്തില്‍ ദേവന്‍കോട്, ഇളംപ്ലാമ്മൂട് റ്റി. എസ്. ഭവനില്‍ സുകുമാരന്‍ (സ്റ്റീഫന്‍ 65) ആണ് പുരയിടത്തിലെ പ്ലാവില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. സ്റ്റീഫനെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്റ്റീഫന്‍ സഹകരണ ബാങ്കില്‍ നിന്നും നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീട് 2.5 ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം മകന്‍ 2018-ല്‍ രഞ്ജിത്ത് വായ്പ 6.5 ലക്ഷമാക്കി പുതുക്കി വാങ്ങി. തുടര്‍ന്ന് 9,000 രൂപ വച്ച് ഏഴു മാസം വായ്പ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അച്ഛന്റെയും ഭാര്യയുടെയും ചികിത്സ മൂലം രഞ്ജിത്തിന് ഒരുഘട്ടത്തില്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടി തുടങ്ങിയത്. രണ്ടു ദിവസം മുന്‍പ് വീട്ടില്‍ ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് പതിച്ചതോടെ ഗൃഹനാഥന്‍ വിഷമത്തിലായിരുന്നു. ഇതിന് പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നും തുടര്‍ച്ചയായി ഫോണ്‍ വിളികളും എത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
2020-03-18
