ലഖ്​നോ: ഉത്തര്‍പ്രദേശി​ലെ അയോധ്യയിലും ഹാമിര്‍പൂരിലും തിങ്കളാഴ്​ചയുണ്ടായ വാഹനാപകടത്തില്‍ 30 അന്തര്‍സംസ്​ഥാന തൊഴിലാളികള്‍ക്ക്​ പരിക്ക്​. നാട്ടിലേക്ക്​ മടങ്ങുന്ന തൊഴിലാളികള്‍ക്കാണ്​ പരിക്കേറ്റത്​.
മുംബൈയില്‍ നിന്ന് സിദ്ധാര്‍ത്ഥനഗറിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന പിക്ക്​അപ്​ വാനാണ്​ അയോധ്യയില്‍ അപകടത്തില്‍പെട്ടത്​. എന്‍‌.എച്ച്‌ 28ല്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ട്രക്കിനെ മറികടക്കാന്‍ പിക്ക്​ അപ്​ വാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അപകടമെന്ന്​ പൊലീസ്​ പറഞ്ഞു.
സാരമായി പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ അഡ്​മിറ്റുചെയ്​തു. 14 പേരെ പ്രഥമശുശ്രൂഷക്ക്​ ശേഷം വിട്ടയച്ചതായി അയോധ്യ ജില്ല മജിസ്‌ട്രേറ്റ് അനുജ് ​ഝാ പറഞ്ഞു.
നോയിഡയില്‍ നിന്ന് മഹോബയിലേക്ക് പോകുന്ന തൊഴിലാളികളാണ്​ ഹാമിര്‍പൂരില്‍ അപകടത്തില്‍പെട്ടത്​. ഇവര്‍ സഞ്ചരിച്ച ബസ്​ ബദന്‍പൂര്‍ ഗ്രാമത്തിന് സമീപം മറിയുകയായിരുന്നു. 11 പേര്‍ക്ക് പരിക്കേറ്റതായി ഹാമിര്‍പൂര്‍ എസ്പി ശ്ലോക് കുമാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്ന 31 യാത്രക്കാരില്‍ 20 പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *