കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെയ് 14ന് രോഗം സ്ഥിരീകരിച്ച 30 കാരി ഗര്‍ഭിണിയായ നരിപ്പറ്റ സ്വദേശിനിയുടെ രണ്ട് വയസ്സുള്ള ആണ്‍കുട്ടി, മെയ് 16ന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ 37 വയസ്സുള്ള കാവിലുംപാറ തോട്ടില്‍പാലം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും സ്രവപരിശോധനയില്‍ ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
മെയ് 8ന് പുലര്‍ച്ചെ 2ന് ദുബയ്- കോഴിക്കോട് വിമാനത്തില്‍ മാതാവിനൊപ്പം കരിപ്പൂരില്‍ എത്തിയതായിരുന്നു ഇന്ന് കൊവിഡ് സ്ഥിരീകരിച്ച കുട്ടി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. ഇരുവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 35 ആയി. 24 പേർ പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടവരാണ്. നിലവില്‍ 11 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്.
ഇന്ന് 80 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ആകെ 2887 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2788 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതില്‍ 2745 എണ്ണം നെഗറ്റീവ് ആണ്. 99 പേരുടെ ഫലം ലഭിക്കാനുണ്ട്.
പുതുതായി വന്ന 377 പേര്‍ ഉള്‍പ്പെടെ 5783 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 23,678 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 9 പേര്‍ ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 9 പേര്‍ ആശുപത്രി വിട്ടു.
ജില്ലയില്‍ ഇന്ന് വന്ന 44 പേര്‍ ഉള്‍പ്പെടെ ആകെ 488 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 201 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 287 പേര്‍ വീടുകളിലുമാണ്. 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരില്‍ 69 പേര്‍ ഗര്‍ഭിണികളാണ്.

Leave a Reply

Your email address will not be published. Required fields are marked *