ബംഗാളില്‍ നാശം വിതച്ച്‌ ഉംപുന്‍ ചുഴലിക്കാറ്റ്; അയ്യായിരത്തോളം വീടുകള്‍ തകര്‍ന്നു; രണ്ടു മരണം

കൊല്‍ക്കത്ത: ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കനത്ത നാശം വിതച്ചു. ബംഗാളില്‍ രാത്രി ഏഴുമണിയോടെ പൂര്‍ണമായി കര തൊട്ട ചുഴലിക്കാറ്റിനെ തുടര്‍‌ന്ന് രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.. അയ്യായിരം വീടുകള്‍ തകര്‍ന്നതായും സൂചനയുണ്ട്.
പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. ഒഡിഷ തീരത്ത് നാശം വിതച്ച ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ഒഡീഷയില്‍ വന്‍നാശമാണ് റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 265 കീമീ വേ​ഗത്തില്‍ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ ദു‍‍ര്‍ബലമായി തുടങ്ങിയിട്ടുണ്ട്. ബംഗാളില്‍ 110-120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് വീശിയത്. പശ്ചിമബം​ഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കടുത്ത ജാ​ഗ്രതയാണ് നിലനില്‍ക്കുന്നത്. ദേശീയദുരന്തനിവാരണ സേനയുടെ വന്‍സംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്.
കൊല്‍ക്കത്ത നഗരവും അതീവ ജാ​ഗ്രതയിലാണ്. മേല്‍പ്പാലങ്ങള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ബംഗാളില്‍ മൂന്നു ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങള്‍ ഇരു സംസ്ഥാനളിലുമായുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.

Leave a Reply

Your email address will not be published. Required fields are marked *