കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോഴും തമിഴ്നാട്ടിൽ കൂടുതൽ മദ്യശാലകൾ തുറക്കുന്നു; അതിര്‍ത്തി ജില്ലകളില്‍ തുറക്കുന്നത് 110 ഔട്ട്‌ലറ്റുകള്‍

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ (ടാസ്‌മാക്) ചെംഗല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു. ചെന്നൈ അതിര്‍ത്തി ജില്ലകളില്‍ 110 ഔട്ട്‌ലറ്റുകള്‍ വീണ്ടും തുറക്കും. മൂന്ന് ജില്ലകളുടെ ചില ഭാഗങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തന സമയം നീട്ടിക്കൊണ്ട്, കൂടുതല്‍ കൂപ്പണുകള്‍ നല്‍കാനും ടാസ്‌മാക് പദ്ധതിയിടുന്നു.
ഒരു ഷോപ്പിന് 500 കൂപ്പണുകള്‍ നല്‍കുന്നുണ്ട്. ഇത് ഇപ്പോള്‍ 700-750 കൂപ്പണുകളായി ഉയര്‍ത്താനാണ് തീരുമാനം. കൂടുതല്‍ കടകള്‍ വീണ്ടും തുറക്കുന്നതിലൂടെയും അധിക കൂപ്പണുകള്‍ നല്‍കുന്നതിലൂടെയും പ്രതിദിനം 2.5 കോടി മുതല്‍ 3 കോടി വരെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളിലെ കടകള്‍ തുറക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ചെന്നൈ, തിരുവള്ളൂര്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെ 3,700 മദ്യക്കടകള്‍ തമിഴ്‌നാട്ടില്‍ വീണ്ടും തുറന്നു. ഡാറ്റ അനുസരിച്ച്‌, കടകള്‍ ആദ്യ ദിവസം 160 കോടിയിലധികം വരുമാനം നേടി, രണ്ടാം ദിവസം 130 കോടിക്ക് മുകളിലാണ്. മൂന്നാം ദിവസം മുതല്‍ ശരാശരി വരുമാനം പ്രതിദിനം 97 കോടി മുതല്‍ 105 കോടി വരെയാണ്. ചെന്നൈയില്‍ തുറന്നുകഴിഞ്ഞാല്‍, ആദ്യ ദിവസങ്ങളില്‍ വില്‍പ്പന 20-30 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *