കോവിഡ് 19; കേരളത്തിൽ 624 പേർ ചികിത്സയിൽ

തിരുവനതപുരം; ഇന്ന് 58 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം 624 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 17 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-6, യു.എ.ഇ.-6, ഒമാന്‍-2, സൗദി അറേബ്യ-1, ഖത്തര്‍-1, ഇറ്റലി-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-19, തമിഴ്‌നാട്-9, തെലുങ്കാന-1, ഡല്‍ഹി-1, കര്‍ണാടക-1) നിന്നും വന്നതാണ്. പാലക്കാട്ട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊല്ലം, പാലക്കാട് ജില്ലകളിൽ 2 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
രോഗം സ്ഥിരികരിച്ച്‌ ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 575 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,28,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1204 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3206 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 65,002 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 62,543 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 12,255 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 11,232 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published. Required fields are marked *