കോവിഡ് പേടി ; എസ്.എഫ്‌.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ കീഴടങ്ങി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്‌.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ നെട്ടൂര്‍ മേക്കാട്ട് സഹല്‍ ഹംസ (23) എറണാകുളം ഒന്നാംക്ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി.

രണ്ടുവര്‍ഷമായി ഒളിവിലായിരുന്നു. പത്താംപ്രതിയായ സഹലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതോടെ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളും ജയിലിലായി. സംഘത്തെ വിളിച്ചുവരുത്തുകയും ആക്രമണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് ഒന്നാം പ്രതി. സഹലിന്റെ കുത്തേറ്റാണ് അഭിമന്യൂ മരിക്കുന്നതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
സംഭവത്തിനുശേഷം പോപ്പുലര്‍ഫ്രണ്ടിന്റെ സഹായത്തോടെ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. അവിടെ കൊവിഡ് വ്യാപിച്ചതോടെ തിരിച്ചെത്തി. റിമാന്‍ഡ് ചെയ്ത പ്രതിയെ അസി.കമ്മിഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ സി.ഐ എസ്. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലുവ ജനറല്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് കുറ്റവാളികള്‍ക്കായി ഒരുക്കിയ കൊരട്ടിയിലെ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റി

കൊറോണക്കാലത്ത് എസ്ഡിപിഐ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പ്രധാനപ്പെട്ട രണ്ട് കേസുകളിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ നിയമോപദേശം തേടിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍, ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാതെ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് പോലീസിന്റെ കണ്‍മുന്നിലൂടെ എത്തി സഹല്‍ കീഴടങ്ങിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *