ഇന്ത്യന്‍ സേനയെ അപമാനിച്ചതിന് ആജ്തക് ചാനലിലെ അവതാരക ശ്വേത സിങ്ങിനെതിരെ മലപ്പുറം എസ്.പിക്ക് പരാതി. കോണ്‍ഗ്രസ് നേതാവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി. നൗഷാദലിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ചൈനീസ് കടന്നു കയറ്റം ഇന്ത്യന്‍ സൈന്യത്തിന്‍റെ വീഴ്ചയാണ് എന്ന പരാമര്‍ശം സൈന്യത്തെ അപമാനിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടികാട്ടി.
‘ഭരണഘടന 7 അനുഛേദം, ഷെഡ്യൂള്‍ 1 പ്രകാരം കേന്ദ്ര വിഷയമാണ് പ്രതിരോധം. അതിലുപരിയായി അതിര്‍ത്തിയില്‍ ജീവന്‍ ത്യജിച്ച് ഇന്ത്യന്‍ സൈന്യം അടരാടുമ്ബോള്‍ അവരെ ദുര്‍ബലരെന്നും, കാര്യക്ഷമതയില്ലാത്തവരെന്നും ആക്ഷേപിക്കുന്നത് ഈയവസത്തില്‍ അക്ഷന്തവ്യമായ അവഹേളനമാണ്. മുഴുവന്‍ ഭാരതീയന്‍റെയും വികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കണം’- നൗഷാദലി പരാതിയില്‍ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയാണ് അവര്‍ വിവാദ പരാമര്‍ശം നടത്തിയത്. ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിക്കുമ്ബോള്‍ ഇന്ത്യന്‍ സേന ഉറങ്ങുകയായിരുന്നോ എന്നും അവര്‍ ചോദിച്ചിരുന്നു. അതിര്‍ത്തിയില്‍ പട്രോളിങ്ങ് നടത്തേണ്ടത് സൈന്യത്തിന്‍റെ ചുമതലയാണ്. അതിലെ വീഴ്ചക്ക് മറുപടി പറയേണ്ടത് സൈന്യമാണെന്നും കേന്ദ്ര സര്‍ക്കാറല്ലെന്നും ശ്വേത പറഞ്ഞതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
