തിരുവനന്തപുരം: രോഗികളുടെ എണ്ണത്തിനനുസരിച്ച്‌ ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി എ,ബി,സി എന്നിങ്ങനെ മൂന്ന് പ്ലാനുകള്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലായി 29 കോവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കുമാത്രമായി 8537 കിടക്കകള്‍, 872 ഐസിയു കിടക്കകള്‍, 482 വെന്റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്.
രോഗികള്‍ കൂടുന്ന മുറക്ക് തിരഞ്ഞൈടുപ്പക്കപ്പെട്ട കൂടുതല്‍ ആശുപത്രികളിലെ കിടക്കകള്‍ ഉപയോഗിക്കും. രണ്ടാം നിര ആശുപത്രികളും സജ്ജമാക്കും.നിലവില്‍ സജ്ജീകരിച്ച 29 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലെ 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എയും പ്ലാന്‍ ബിയും പ്ലാന്‍ സിയും നടപ്പാക്കുന്നതോടെ 171 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വരും ദിവസങ്ങളിലായി കൂടുതല്‍ ആളുകള്‍ സംസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ആന്റി ബോഡി ടെസ്റ്റുകള്‍ ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *