ലണ്ടന്‍ : മാതൃദിനത്തില്‍ നടുറോഡില്‍ യുവതിയുടെ മുലയൂട്ടല്‍ പ്രതിഷേധം. സ്ത്രീകള്‍ക്ക് എവിടെവച്ചും മുലയൂട്ടാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു വത്തിക്കാനിലെ തെരുവില്‍ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. ഇക്കാര്യത്തില്‍ പോപ്പിന്റെ സത്വര ശ്രദ്ധക്ഷണിക്കുക എന്ന ലക്ഷ്യവും സ്ഥലം തിരഞ്ഞെടുത്തതിനുപിന്നിലുണ്ടായിരുന്നു. നഗ്‌നമായ മാറിടത്തില്‍ മുലയൂട്ടുന്ന അമ്മ എന്ന് ലാറ്റിന്‍ ഭാഷയില്‍ എഴുതിവച്ചാണ് യുവതി എത്തിയത്. വിവരം കാട്ടുതീപോലെ പടര്‍ന്നു. പ്രതിഷേധം കാണാന്‍ നാട്ടുകാരും റിപ്പോര്‍ട്ടു ചെയ്യാന്‍ മാദ്ധ്യമ പ്രവര്‍ത്തകരും കുതിച്ചെത്തി. അതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞു. പാഞ്ഞെത്തിയ പൊലീസ് മറ്റൊന്നും നോക്കാതെ യുവതിയെ അറസ്റ്റു ചെയ്തു നീക്കി. അറസ്റ്റിനെതിരെ ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. മാദ്ധ്യമപ്രവര്‍ത്തകരോട് പൊലീസ് മോശമായി പെരുമാറി എന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം യുവതിയുടെ സമരം കത്തോലിക്ക സഭയ്ക്ക് എതിരാണെന്ന അഭിപ്രായവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫെമന്‍ സെക്ട്രിമിസ്റ്റ് എന്ന സ്ത്രീകളുടെ കൂട്ടായ്മ ഗര്‍ഭചിദ്രകാര്യത്തിലും മറ്റും സഭ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത സമരമുറകള്‍ പ്രയോഗിക്കുന്നുണ്ട്. അതില്‍പ്പെട്ടയാളാണ് മുലയൂട്ടല്‍ സമരം നടത്തിയ യുവതിയും എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *