കോഴിക്കോട്: നാലു വയസ്സുകാരിയായ മകളെ കൊല്ലാനുള്ള കാരണം ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമമെന്ന് കോഴിക്കോട് നാദാപുരത്ത് മകളെ കൊന്ന യുവതിയുടെ മൊഴി. പ്രതിയായ സഫൂറയെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മൃതശരീരം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും.

കൈയ്യും കാലും കെട്ടിയ ശേഷം കുളിമുറിയിലെ ബക്കറ്റില്‍ പിടിച്ചു വച്ചിരുന്ന വെള്ളത്തിലാണ് നാല് വയസ്സുള്ള മകള്‍ ഇന്‍ഷാ ലാമിയയെ സഫൂറ മുക്കിക്കൊന്നത്. ഒന്നര വയസ്സുള്ള മകനെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭര്‍ത്താവുമായി ഉണ്ടായ വഴക്കാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും 11,000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തത്. ഇത് ബന്ധുക്കള്‍ അറിഞ്ഞതോടെ ഭര്‍ത്താവ് ശാസിച്ചു. തുടര്‍ന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിലാണ് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറയുന്നു. ഇവര്‍ ഇരു കൈകളും ബ്ലേഡ്‌കൊണ്ട് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടാമത്തെ കുട്ടിയുടെ നിലമെച്ചപ്പെട്ടു. അടുത്ത ദിവസം സഫൂറെയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു ഇവരുടെ ഭര്‍ത്താവ്.

Leave a Reply

Your email address will not be published. Required fields are marked *