തൃശൂര്‍: 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മധ്യവയസ്കനെ ചവിട്ടിക്കൊന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍. മനക്കൊടി മാമ്പുള്ളിൽ രാജേഷാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒല്ലൂര്‍ കുരിയച്ചിറ മരത്തറയില്‍ ഉണ്ണിക്കൃഷ്ണന്‍ (47), ചാവക്കാട് ഒരുമനയൂര്‍ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ്‍ ഫൈസല്‍ (36), വെങ്ങിണിശേരി കാര്യാടന്‍ ഷിജു (35) എന്നിവരാണ് പിടിയിലായത്. മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റില്‍നിന്നും രാജേഷ് 50 രൂപ എടുക്കുകയും ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

ജൂലൈ 3ന് രാത്രിയോടെ പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിലാണ് രാജേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് 2 ദിവസം മുന്‍പു ഇവരെല്ലാവരും ചേര്‍ന്ന‍ു കള്ളുഷാപ്പിലിരുന്നു മദ്യപിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റില്‍നിന്നു രാജേഷ് ബലംപ്രയോഗിച്ച്‌ 50 രൂപ എടുത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനോട് പ്രതികള്‍ ഭീഷണി മുഴക്കിയിരുന്നതായി പോലീസ് പറയുന്നു.തുടര്‍ന്ന് ഇവരുടെ ഭീഷണി വകവയ്ക്കാതെ സംഭവ ദിവസം വൈകിട്ട് ര‌ാജേഷ് പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കേ‌ാംപ്ലക്സിലെത്തി. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രാജേഷിനെ പ്രതികള്‍ നിലത്തിട്ടു ചവിട്ടി. കത്രിക കൊണ്ടു കുത്തുകയും ചെയ്തു. രാജേഷ് ബോധരഹിതനായതോടെ സംഘം മുങ്ങി. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *