ബംഗളൂരു: ബംഗളൂരുവില്‍ കോവിഡ് വ്യാപനം അതിതീവ്രമായതോടെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍ ജില്ലകളില്‍ ജൂലൈ 14ന് രാത്രി എട്ടു മുതല്‍ ജൂലൈ 22 പുലര്‍ച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ട്വിറ്ററിലൂടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍. ചൊവ്വാഴ്ച രാത്രി എട്ടുമുതല്‍ ആരംഭിക്കുന്ന ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി.
രോഗവ്യാപനം രൂക്ഷമായി ദിവസങ്ങൾ പിന്നിട്ടിട്ടും ബംഗളൂരുവിൽ ലോക്ഡൗൺ പ്രഖ്യാപിക്കാത്തതിൽ വിവിധ കോണിൽനിന്ന് വിമർശനം നേരിട്ടിരുന്നു. ലോക്ഡൗൺ നടപ്പാക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനം വൈകുകയായിരുന്നു. ലോക്ഡൗൺ ഉണ്ടാകില്ലെന്നും എന്നാൽ, സാഹചര്യമനുസരിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളൂരുവിൽ സമ്പൂർണ ലോക്ഡൗൺ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചത്.
2020-07-11

