കണ്ണൂര്‍: രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഹുല്‍ ഗാന്ധി തുടരുന്ന മൗനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. രാഹുല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവ് മാത്രമല്ല, കേരളത്തില്‍നിന്നുള്ള ജനപ്രതിനിധി കൂടിയാണ്. രാഹുലിന്റെ മൗനത്തില്‍ ദുരൂഹതയുണ്ട്. ചെന്നിത്തലയും മുല്ലപ്പള്ളിയും ഇതില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. ഡല്‍ഹിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് രാഹുലിന്റെ മൗനമെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ്-സി.പി.എം. സഖ്യം ഇപ്പോള്‍ യാഥാര്‍ഥ്യമാണ്. ബംഗാളില്‍ മാര്‍ക്സിസ്റ്റ്-കോണ്‍ഗ്രസ് സഖ്യം നിലവില്‍ വന്നുവെന്ന് മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒന്നിച്ചുള്ള പ്രചാരണം നടക്കാന്‍ പോവുകയാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് സി.പി.എം. അംഗങ്ങള്‍ പിന്‍തുണ നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതേ അവിശുദ്ധ സഖ്യം കേരളത്തിലും അരങ്ങേറുമെന്ന സൂചനയാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
