തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായ കൊവിഡ് രോഗി വീട്ടിൽ മടങ്ങിയെത്തിയത് പുഴുവരിച്ച നിലയിൽ. കഴുത്തിന് താഴേയ്ക്ക് തളർന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് കഴിഞ്ഞ മാസമാണ്.ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനിൽകുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ തളർച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ബന്ധുക്കൾ വിളിച്ച് അന്വേഷിച്ചപ്പോൾ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി.26ന് അനിൽകുമാറിന് കൊവിഡ് നെഗറ്റീവായി. തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയിൽ കണ്ടത്. ഇതേ തുടർന്ന് സംഭവത്തിൽ അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *