പന്തളം : ശബരിമലയുടെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെയും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിന്റെയും സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം രംഗത്ത്. യുവാക്കള്‍ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് വന്നത് വനംവകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും വീഴ്ചയാണെന്നും പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി പ്രസ്താവനയില്‍ പറഞ്ഞു. ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അതീവ സുരക്ഷാ മേഖലയില്‍ രണ്ട് പേര്‍ ബൈക്ക് ഓടിച്ചെത്തിയ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. ഇത് അതീവ ഗൌരവമായി കാണേണ്ട വിഷയമാണ്. ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടത്തിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും പരിശോധിക്കേണ്ടതാണെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.
2020-09-30

