ചെന്നൈ: നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് എഐസിസി പുറത്തുവിട്ടത്. ഇതിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു നല്‍കിയ രാജിക്കത്തും പുറത്തുവന്നു.
പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നേപ്പോലുള്ളവര്‍ തഴയപ്പെടുന്നെന്നും അവര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നാണ് സൂചന. അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.

