മുക്കം നഗരസഭയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ഭാര്യയ്ക്ക് നേരെ ആക്രമണം

മുക്കം : മുക്കം നഗരസഭയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ഭാര്യയ്ക്ക് നേരെ ആക്രമണം. നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിലെ സി.പി.എം. സ്ഥാനാർഥി നൗഫലിന്റെ ഭാര്യ ഷാനിദയ്ക്കു നേരെയാണ് ഞായറാഴ്ച രാവിലെ ഏഴെ മുക്കാലോടെ അജ്ഞാതന്റെ ആക്രമണമുണ്ടായത്. തിരുവമ്പാടിയിലെ സ്വകാര്യ ലാബിൽ ലാബ് ടെക്നീഷ്യയായ ഷാനിദയെ ലാബിൽ കയറിയാണ് ആക്രമിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയ അക്രമി, ഷാനിദ ബഹളമുണ്ടാക്കിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഷാനിദയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‘‘നൗഫലിനോട് മര്യാദയ്ക്ക് നിൽക്കാൻ പറയണം. ഇല്ലെങ്കിൽ വിവരം അറിയും’’-എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് തിരുവമ്പാടി പോലീസിന് നൽകിയ പരാതിയിൽ ഷാനിദ പറയുന്നു. ലാബിനുള്ളിലേക്ക് ഒരാൾ മാത്രമാണ് കയറിയതെന്നും പുറത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും ഷാനിദ പറയുന്നു.തിരുവമ്പാടി എസ്.ഐ. നിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *