തിരുവനന്തപുരം: ഉള്ള കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ച ദമ്ബതികള്‍ക്ക് ദാരുണ അന്ത്യം. പോലീസ് നോക്കി നില്‍ക്കെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ നെയ്യാറ്റിന്‍കര പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം രാജനും (47) ഭാര്യ അമ്ബിളിയും (40) ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പോലീസും മക്കളും നോക്കി നില്‍ക്കെ ഭാര്യയെ ചേര്‍ത്തുപിടിച്ചാണ് രാജന്‍ തീകൊളുത്തിയത്. മരണത്തിലേക്ക് നയിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ലൈഫ് പദ്ധതിയില്‍ പോലും ഇവര്‍ക്ക് ഇതുവരെയും വീട് ലഭിക്കാതായതോടെ ഉള്ള കിടപ്പാടം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഇരുവരുടെയും മരണത്തിലേക്ക് കലാശിച്ചത്. മക്കള്‍: രഞ്ജിത്, രാഹുല്‍. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അയല്‍വാസിയും രാജനും തമ്മിലുള്ള വസ്തു തര്‍ക്കത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നെയ്യാറ്റിന്‍കര കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരുന്നു. രണ്ടുമാസം മുന്‍പ് കമ്മീഷന്റെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നുവെങ്കിലും രാജന്റെ എതിര്‍പ്പ് മൂലം നടന്നില്ല. 22ന് ഉച്ചയോടെ അഭിഭാഷക കമ്മിഷനും പോലീസും സ്ഥലത്തെത്തി വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. രാജന്‍ വീടിനകത്തു കയറി കന്നാസില്‍ കരുതിയിരുന്ന പെട്രോളുമായെത്തി ഭാര്യ അമ്ബിളിയെ ചേര്‍ത്ത് പിടിച്ച്‌ ദേഹത്തൊഴിച്ച്‌ ലൈറ്റര്‍ കത്തിച്ചു. ലൈറ്റര്‍ തട്ടി മാറ്റാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് പടരുകയായിരുന്നു .വളരെ പ്രയാസപ്പെട്ട് തീ കെടുത്തി ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ രാജനും വൈകുന്നേരത്തോടെ അമ്ബിളിയും മരിച്ചു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും പൊള്ളലേറ്റു. ഒഴിപ്പിക്കല്‍ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മകന്‍ രഞ്ജിത്ത് രംഗത്തെത്തി. നേരത്തേയും സ്ഥലം ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. പൊലീസിനെ പേടിപ്പിച്ച്‌ പിന്‍തിരിപ്പിക്കാന്‍ മാത്രമാണ് അച്ഛന്‍ ശ്രമിച്ചത്. ഇരുവരുടെയും മരണത്തിന് കാരണം പൊലീസാണെന്നും മകന്‍ പറഞ്ഞു. രാജന്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് രാജനെതിരേ കേസ് എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *