ജയിലില്‍ കിടന്നും മത്സരിക്കാമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞിനോട് ഹൈകോടതി

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി പറഞ്ഞു.

മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി ഇലക്ഷനില്‍ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയില്‍ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം ആണെന്ന് ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ഈ സമയത്തായിരുന്നു മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈകോടതി വിമര്‍ശിച്ചത്. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നല്‍കാന്‍ ആലോചിച്ചത്. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇലക്ഷന് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു. അത് ജയിലില്‍ പോയിട്ടും ആകാമെന്ന് കോടതി വിമര്‍ശിച്ചു.

വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്നും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു . കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *