കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ആറ്റുകാല്‍ പൊങ്കാല; പൊതുസ്ഥലങ്ങളില്‍ പൊങ്കാലയിടാൻ അനുമതിയില്ല

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനം. ക്ഷേത്ര വളപ്പിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും.പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുമതിയില്ല. ആള്‍ക്കാര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ശബരിമല മാതൃകയില്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ വഴിയാകും പൊങ്കാലക്കുള്ള അനുമതി.പൊതുനിരത്തിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലി അനുവദിക്കില്ല. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി എന്നിവ ഒഴിവാക്കാനും ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. ഗ്രീന്‍ പ്രോട്ടോക്കോളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

വി.എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍മാര്‍, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ഫെബ്രുവരി 28 നാണ് ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *