ശബരിമലയില്‍ പ്രധാനം ജനങ്ങളുടെ അഭിപ്രായം, നിലപാട് വ്യക്തമാക്കി എസ് രാമചന്ദ്രന്‍ പിളള

തിരുവനന്തപുരം: വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി നഷ്‌ടമായിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള. വൈരുദ്ധ്യാത്മക ഭൗതിക വാദം എന്നത് ശാസ്ത്രത്തിന്റെയും യുക്തിയുടേയും അടിസ്ഥാനത്തിലുളള പൊതു വീക്ഷണം ആണ്. അത് എല്ലാ കാലത്തും പ്രായോഗികമാണ്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്‌താവന പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്തതാണെന്നും എസ് രാമചന്ദ്രന്‍ പിളള പറഞ്ഞു. ശബരിമലയില്‍ പ്രധാനം ജനങ്ങളുടെ അഭിപ്രായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, എം വി ഗോവിന്ദന്റെ സൈദ്ധാന്തിക നിലപാട് തളളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മാര്‍ക്‌സിസം അപ്രസക്തമായെന്നാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായി എന്നാണോ ഗോവിന്ദന്‍ മാഷ് പറഞ്ഞതെന്ന് തനിക്കറിയില്ല. സമൂഹത്തെ നിരീക്ഷിക്കുന്നതിന്റെ രീതിശാസ്‌ത്രമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. എങ്ങനെ സാമൂഹിക പ്രശ്‌നങ്ങളെ വിലയിരുത്തണമെന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്ന രീതിയാണത്. രാജ്യത്തിന്റെ സാഹചര്യമനുസരിച്ച്‌ ചെയ്യുന്ന രീതിയല്ലത്. ഭൗതികവാദം എന്നത് വിശ്വസമില്ലായ്‌മയാണ് എന്നുളളതെല്ലാം തെറ്റിദ്ധാരണയാണ്. ചില യാന്ത്രിക ഭൗതികവാദികളാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതെന്നും കാനം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *