ചണ്ഡിഗഢ്: ട്യൂഷന്‍ പഠിക്കാന്‍ എത്തിയ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. പത്തും എട്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ മാതാവ് കൂടിയായ യുവതി സര്‍ക്കാര്‍ സ്‌കൂളിലെ സയന്‍സ് അധ്യാപികയാണ്.

അധ്യാപികയില്‍ നിന്നും കുട്ടിക്കുണ്ടായ ദുരനുഭവം മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് അവര്‍ പിടിയിലായത്. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പോക്‌സോ വകുപ്പിലെ സെക്ഷന്‍ ആറ് പ്രകാരമാണ് അധ്യാപികയെ അറസ്റ്റു ചെയ്തത്.

അധ്യാപിക പഠിപ്പിക്കുന്ന അതേ സ്‌കൂളില്‍ തന്നെയാണ് പീഡനത്തിന് ഇരയായ കുട്ടിയും പഠിക്കുന്നത്. കുട്ടിയെ ഇവര്‍ സ്‌കൂളില്‍ നേരത്തെ പഠിപ്പിച്ചിട്ടുമുണ്ട്. മാത്രമല്ല ഇവര്‍ രാം ദര്‍ബാര്‍ കോളനിയിലെ അയല്‍വാസികളുമാണ്. ഇരുകുടുംബങ്ങളും തമ്മില്‍ നല്ല ബന്ധവുമാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയും അയാളുടെ ഇളയ സഹോദരിയും 2017 സെപ്തംബര്‍ 17 മുതല്‍ ഈ അധ്യാപികയുടെ വീട്ടില്‍ ട്യൂഷന് പോകുന്നുണ്ട്.

പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി ഇരുവരേയും വ്യത്യസ്ത സമയങ്ങളില്‍ ട്യൂഷന് അയക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിയെ ഒറ്റയ്ക്ക് കിട്ടിയതോടെ അധ്യാപിക ചൂഷണം ചെയ്യല്‍ ആരംഭിച്ചു. പരസ്പരം കൂടുതല്‍ അടുക്കുന്നതിന് കുട്ടിക്ക് ഒരു സിം കാര്‍ഡും ഇവര്‍ നല്‍കി. ഇതിനിടെ പഠനത്തില്‍ താഴെപ്പോയ വിദ്യാര്‍ത്ഥി മാര്‍ച്ചിലെ പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു. ഇതോടെ ട്യൂഷന് അയക്കുന്നത് വീട്ടുകാര്‍ അവസാനിപ്പിച്ചു.

എന്നാല്‍ വിദ്യാര്‍ത്ഥിയെ വിട്ടുപിരിയാന്‍ കഴിയാതെ വന്ന അധ്യാപിക അവനെ വീണ്ടും ട്യൂഷന് അയക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മാസത്തില്‍ മാതാപിതാക്കളെ സമീപിച്ചു. തിങ്കളാഴ്ച മകനെയും കൂട്ടി തന്നെ വന്നുകാണാന്‍ അവര്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളുടെയും സ്വന്തം ഭര്‍ത്താവിന്റെയും പെണ്‍മക്കളുടെയും മുന്നില്‍വച്ച് അവര്‍ കുട്ടിയെ തന്റെ മുറിയിലിട്ട് പൂട്ടി. അയല്‍വാസികള്‍ ഇടപെട്ടാണ് കുട്ടിയെ പിന്നീട് മോചിപ്പിച്ചത്.

അതുകൊണ്ടൊന്നും പ്രശ്‌നം തീര്‍ന്നില്ല, മകനേയും കൂട്ടി മാതാപിതാക്കള്‍ മടങ്ങിയതിനു പിന്നാലെ അധ്യാപികയും അവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് കയ്യിലിരുന്ന കഫ് സിറപ്പ് എടുത്തുകഴിച്ചു. ഇതോടെ ഭയന്നുപോയ മാതാപിതാക്കള്‍ പോലീസിനെ വിളിക്കുകയും അവര്‍ എത്തി അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരു ദിവസം അവര്‍ ആശുപത്രിയില്‍ കഴിഞ്ഞു. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ അറസ്റ്റിലായ അധ്യാപികയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. പിന്നീട് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *