പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നു; മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

കൊച്ചി: മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ പരാതിയുമായി യുഡിഎഫ്. പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. ഇടതു മുന്നണി സ്ഥാനാര്‍ഥി ഷെല്‍ന നിഷാദിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലുവയില്‍ തിങ്കളാഴ്ച രാവിലെ കെ കെ ശൈലജ പങ്കെടുക്കുന്ന യോഗത്തിന് ആളെ കൂട്ടാനായി കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് യുഡിഎഫിന്റെ പരാതി. ഇന്നലെ മുതല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. കുടുംബശ്രീ അംഗങ്ങളുടെ പെന്‍ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആലുവയില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും പെന്‍ഷന്‍ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും ഇവിടെ ചര്‍ച്ച ചെയ്യാമെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

ഓരോ കുടുംബശ്രീ യൂണിറ്റുകളില്‍നിന്നും മൂന്നുപേര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും ശബ്ദ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണിതെന്നും അടിയന്തരമായി തടയണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *