തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 1 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നിലവില്‍ കടല്‍ പ്രക്ഷുബ്ധമാണ്.തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ശക്തമായ കാറ്റിനും സാധ്യതയേറി വരുന്നു.

കേരളതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. എന്നാല്‍, കാലവര്‍ഷം എത്തിയെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി സ്‌കൈമെറ്റിന്റെ നിരീക്ഷണം.

കേരളത്തില്‍ കാലവര്‍ഷത്തിനു സമാനമായ കാലാവസ്ഥയാണിപ്പോഴുള്ളതെന്നും അതുകൊണ്ടുതന്നെ മഴക്കാലമെത്തിയെന്ന സൂചനയാണതെന്നും സ്‌കൈമെറ്റ് സി.ഇ.ഒ. ജാറ്റിന്‍ സിങ് പറഞ്ഞു. ഐ.എം.ഡി. നിരീക്ഷണപ്രകാരം 29നും സ്‌കൈമെറ്റ് വിലയിരുത്തല്‍ പ്രകാരം 28നും കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നാണ് അറിയിച്ചിരുന്നത്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് അനുകൂല സാഹചര്യമാണിപ്പോഴുള്ളതെന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ഐ.എം.ഡി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *