കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. നിയന്ത്രണങ്ങളും മറ്റുനടപടികളും കര്‍ശനമായി നടപ്പാക്കുന്നത് വഴി ചില വടക്കുകിഴക്കന്‍ മേഖലകളിലൊഴികെ രാജ്യത്തുടനീളം കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടെ ഉത്തരവില്‍ പറയുന്നു.

ഏപ്രില്‍ 29-ന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം. നിര്‍ദേശമനുസരിച്ചുള്ള ഓക്‌സിജന്‍ കിടക്കള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, താത്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രി ബെഡുകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. ഏപ്രില്‍ 25-ന് ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശമനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *