‘അതിലൊന്നുമില്ല സാറേ, പഴയ പഴ്സാണ്’; മഴയില്‍ കുതിര്‍ന്ന് റോഡില്‍ കിടന്ന പഴ്സ് തപ്പിയ പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്റെ സ്വര്‍ണ തകിട്

തൃശൂര്‍: മഴ നനഞ്ഞു കുതിര്‍ന്ന് റോഡില്‍ കിടന്ന പഴ്‌സില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് 2 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണത്തകിട്. പഴ്സ് റോഡില്‍ കിടക്കുന്നത് കണ്ട് അതുവഴി വന്നൊരു ചെറുപ്പക്കാരനാണ് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരെ ഏല്‍പ്പിച്ചത്.പഴ്സിനുള്ളിലുണ്ടായിരുന്ന സത്യവാങ്മൂലത്തിലെ നമ്പറിൽ വിളിച്ചപ്പോള്‍ അതു പഴയ പഴ്സാണ് സര്‍. കാര്യമായൊന്നും അതിലില്ല. അതുകൊണ്ടാ അന്വേഷിക്കാതിരുന്നത് എന്നായിരുന്നു മറുപടി.

കിഴക്കേക്കോട്ടയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ കൈകളിലാണ് പഴ്സ് എത്തിയത്. പഴ്സിന്റെ ഉള്ളറ പരിശോധിച്ചപ്പോള്‍ കടലാസില്‍ പൊതിഞ്ഞ എന്തോ വസ്തു പൊലീസുകാരുടെ കയ്യില്‍ തടഞ്ഞു.പഴ്സിന്റെ ഉള്‍ഭാഗം വെറുതെയൊന്നു പരിശോധിച്ചു നോക്കിയപ്പോഴാണ് തകിട് ലഭിച്ചത്. 40 ഗ്രാം തൂക്കമുള്ള തങ്കത്തകിട് ആയിരുന്നു ഇത്.  പിന്നാലെ പൊലീസ് ഉടമയെ വിളിച്ചു വരുത്തി. തങ്കത്തകിട് കാണിച്ചപ്പോഴാണ് അതിന്റെ കാര്യം അയാള്‍ക്ക് ഓര്‍മ വന്നത്. ചേലക്കോട്ടുകര സ്വദേശിയായ ഇയാള്‍ സ്വര്‍ണാഭരണ നിര്‍മാണശാലയുടെ ഉടമയാണ്. പഴ്സിനുള്ളില്‍ സ്വര്‍ണം വച്ചിരുന്ന കാര്യം മറന്നു പോയതാണു കാരണം. ഒടുവില്‍ ഈസ്റ്റ് എസ്‌എച്ച്‌ഒയുടെ അനുവാദത്തോടെ തങ്കത്തകിട് പഴ്സുടമയ്ക്കു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *