ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനിൽ മദ്യം കടത്താൻ ശ്രമിച്ച രണ്ടു സ്ത്രീകൾ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഐലന്റ് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 62 കുപ്പി മദ്യവും ഇവരിൽ നിന്നും കണ്ടെടുത്തു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആർ.പി.എഫ്. ഉദ്യോഗസ്ഥർ ഇവരെ മദ്യവുമായി പിടികൂടിയത്. കർണാടകത്തിൽ നിർമ്മിച്ച മദ്യമാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ രമേശനും, ബംഗളുരു സ്വദേശിയായ തമിഴ് സംസാരിക്കുന്ന ഒരാളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.ബംഗളൂരുവിൽ നിന്ന് മദ്യം തിരുവനന്തപുരത്ത് എത്തിച്ച് നൽകുന്നതിനാണ് സ്ത്രീകളെ നിയോഗിച്ചിരുന്നത്.  തിരുവനന്തപുരത്ത് എത്തുമ്പോൾ മദ്യം അവിടെ എത്തുന്ന ആൾക്ക് കൈമാറാനായിരുന്നു നിർദേശം. സ്ത്രീകളിൽ നിന്നും മദ്യം വാങ്ങാനെത്തിയ ടാക്സി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതായും സൂചന ലഭിക്കുന്നുണ്ട്. പ്രധാന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായും റെയിൽവേ പോലീസ് അറിയിച്ചു. ബംഗളൂരുവിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മദ്യം കേരളത്തിൽ എത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റ് വൻ ലാഭം ഉണ്ടാക്കുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ എന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *