കൊല്ലം ∙ ശൂരനാട് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ വിസ്മയ അവസാനം സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം. ഭര്‍ത്താവ് എസ്.കിരണ്‍കുമാറിനെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇതിനു ദിവസങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ ഫോട്ടോയായി ചേര്‍ത്തിരുന്നു. ജൂണ്‍ എട്ടിനാണ് മഴയത്ത് കാറില്‍നിന്നു പകര്‍ത്തിയതെന്നു കരുതുന്ന വിഡിയോ വിസ്മയ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്കു താഴെയാണ് കമന്റില്‍ അനുശോചന സന്ദേശങ്ങളും ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായുള്ള രോഷ പ്രകടനങ്ങളും വന്നിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് വിസ്മയയെ ശാസ്താംനടയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  കഴിഞ്ഞ ദിവസവും ഭർത്താവ് മർദിച്ചതായി വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. സ്ത്രീധനമായി നൽകിയ വാഹനം കൊള്ളില്ലെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞതെന്നും മർദിച്ചതെന്നും ഈ സന്ദേശങ്ങളിലുണ്ടായിരുന്നു. വിസ്മയയുടെ മരണത്തിന് പിന്നാലെ കിരൺകുമാർ ഒളിവിൽ പോയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *