വിസ്മയയെ കിരണ്‍ റോഡിലിട്ട് മര്‍ദിച്ചു; കൂടുതല്‍ തെളിവുകളുമായി പോലീസ്

ശാസ്താംകോട്ട : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കാനാവാതെ അന്വേഷണ സംഘം. വിസ്മയയെ ഭര്‍ത്താവ് എസ്. കിരണ്‍കുമാര്‍ വീട്ടിലും പുറത്തും വച്ച്‌ പല തവണ മര്‍ദിച്ചിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. രാത്രിയില്‍ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച്‌ വിസ്മയയെ കിരണ്‍ മര്‍ദിച്ചതായും മര്‍ദനമേറ്റ് അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോര്‍ തുറന്നു പുറത്തേക്ക് ചാടി സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടിയതായും അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ ദിവസം കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകളും കിരണ്‍ അടിച്ചു തകര്‍ത്തിരുന്നു. കിരണുമായി അന്വേഷണസംഘം വിസ്മയ ഓടിക്കയറിയ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെ ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി 3 ദിവസത്തേക്കാണ് കിരണിനെ കസ്റ്റഡിയില്‍ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *