യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു

യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.ബീറ്റ വകഭേദമാണ് കൂടുതല്‍ രോഗികളില്‍ സ്ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം, കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വാര്‍ത്താസമ്മേളനം നടത്തിയത്. പുതിയ കോവിഡ് രോഗികളില്‍ 39.2 ശതമാനം പേരില്‍ ബീറ്റ വകഭേദം സ്ഥിരീകരിച്ചു. 33.9 ശതമാനംപേരില്‍ ഡെല്‍റ്റയും 11.3 ശതമാനം പേരില്‍ ആല്‍ഫ വകഭേദവുമാണ് സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ.ഫരീദ അല്‍ ഹാസനി അറിയിച്ചു. പുതിയ കോവിഡ് രോഗികളില്‍ 84 ശതമാനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നരില്‍ 89 ശതമാനവും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ 92 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്ന് അതോറിറ്റി വ്യക്തമാക്കി. കോവിഡ് കാരണമുണ്ടാകുന്ന ആകെ മരണങ്ങളില്‍ 94 ശതമാനവും വാക്സിന്‍ സ്വീകരിക്കാത്തവരാണ്.

കഴിഞ്ഞ ആഴ്ച കോവിഡ് മരണനിരക്കില്‍ വര്‍ധയുമുണ്ടായി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേരും വാക്‌സിന്‍ സ്വീകരിച്ചു. അടിയന്തിര പരിഗണനയര്‍ഹിക്കുന്നവരില്‍ 91 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചതായും ഡോ.ഫരീദ വ്യക്തിമാക്കി.

Leave a Reply

Your email address will not be published. Required fields are marked *