എറണാകുളം ഇടപ്പള്ളി പീലിയോട് യുവാവിനെ കമ്പി വടിക്ക് അടിച്ച് കൊന്ന കേസിൽ പൊലീസുകാരനടക്കം രണ്ടുപേർ അറസ്റ്റിൽ . ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. കേസിലുൾപ്പെട്ട രണ്ടുപേർ കൂടി പിടിയിലായെന്നാണ് സൂചന. എ.ആർ ക്യാംപിലെ സിവിൽ പൊലീസുകാരനായ കുന്നുംപുറം സ്വദേശി ബിജോയ്, നെട്ടൂർ സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പാതിരാത്രിയോടെയായിരുന്നു കൊലപാതകം. പുഴക്കടവിലിരുന്ന് മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃഷ്ണകുമാറും ഫൈസലുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബഹളംകേട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപെട്ടിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊല്ലപ്പെട്ട കൃഷ്ണകുമാറിന്റെ ശരീരത്തിൽ കമ്പിവടി കൊണ്ട് അടിയേറ്റപാടുകളുണ്ട്. പ്രതികൾ ഉപയോഗിച്ച ആയുധം കണ്ടെടുത്തുവെന്ന് ഡിസിപി ഐശ്വര്യ ഡോങ്റേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *