മാനസ കൊലക്കേസ്; രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി പിടിയിൽ” രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത്  വെടിയുതിർത്ത്

എറണാകുളം : മാനസ കൊലക്കേസ് പ്രതി രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദി അറസ്റ്റിൽ. കോതമംഗലം പൊലീസാണ് പട്‌നയിലെ മുൻഗറിൽ നിന്ന് സോനുവിനെ പിടികൂടിയത്. ബിഹാർ പൊലീസിന്‍റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെതിരെ ചെറുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെടിയുതിർത്ത് കീഴടക്കുകയായിരുന്നു. പട്‌ന കോടതിയിൽ ഹാജരാക്കിയ പ്രതിയെ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും. അതേസമയം രാഖിലിനെ പട്‌നയിൽ നിന്ന് മുൻഗറിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറെ കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ബിഹാറിൽ തുടരും.

കഴിഞ്ഞ ജൂലൈ 30നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. കോതമംഗലം ഇന്ദിര ഗാന്ധി ഡെന്‍റൽ കോളജിലെ വിദ്യാർഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രാഖിലും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്‌തിരുന്നു. എന്നാൽ പ്രതി ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചെന്നതായിരുന്നു പൊലീസിന് വെല്ലുവിളി. ബിഹാറിൽ നിന്നും തോക്ക് നൽകിയ ആൾ കൂടി പിടിയിലായതോടെ അന്വേഷണത്തിൽ നിർണായക പുരോഗതിയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *