പ്രണയപകയുടെ ഏറ്റവുമൊടുവിലെ ഇരയായി മാറിയിരിക്കുകയാണ് നെടുമങ്ങാട് ഉഴപ്പക്കോണത്ത് സൂര്യഗായത്രി എന്ന ഇരുപത് വയസ്സുകാരി. ഇന്നലെ വൈകിട്ടാണ് പേയാട് ചിറക്കോണം സ്വദേശിയായ അരുൺ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിപ്പരിക്കേൽപ്പിച്ചത്. പതിനഞ്ചോളം കുത്തുകളേറ്റ യുവതിയുടെ നില അതീവ ഗുരുതരമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് പെൺകുട്ടിയുടെ മരണം സംഭവിക്കുന്നത്. പ്രതിയായ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂര്യ ഗായത്രിയും അരുണും നേരത്തെ പ്രണയത്തിലായിരുന്നു. വികലാംഗയായ അമ്മയുടെ ലോട്ടറി കടയിൽ വെച്ച് കണ്ടാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. എന്നാൽ ഷൂട്ടിങ് മേഖലയിൽ ജോലി ചെയ്യുന്ന അരുണിനെ വേണ്ടെന്ന് വെച്ച് യുവതി മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. പെൺകുട്ടിയുമായിട്ടുള്ള പ്രണയം നാട്ടിൽ അറിഞ്ഞതിനെ തുടർന്ന് അരുണിന് പിന്നീട് വിവാഹം ഒന്നും നടക്കാതിരുന്നത് അയാളെ അസ്വസ്ഥനാക്കിയിരുന്നു. ഇതേ തുടർന്ന് പൊതു ഇടങ്ങളിൽ വെച്ച് കാണുമ്പോഴൊക്കെ ഇരുവരും തമ്മിൽ വാക്കേറ്റം പതിവായിരുന്നു. ഈ പ്രകോപനങ്ങളാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് അരുൺ പൊലീസിന് നൽകിയ മൊഴി

യുവതി വിവാഹം കഴിച്ചിരുന്നെങ്കിലും ആ ബന്ധം സുഖകരമായിരുന്നില്ല. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവുമായി ഒത്തു പോകാൻ സാധിക്കാതെ വന്നതോടെ ഭർത്താവുമായി പിണങ്ങിയ യുവതി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളൊടൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് യുവതി താമസിക്കുന്ന വീടിന്റെ പിൻവാതിലിൽ കൂടി അതിക്രമിച്ച് കടന്ന പ്രതി യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പെൺകുട്ടിയുടെ നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ പതിനഞ്ചോളം കുത്തുകളേറ്റു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു. വികലാംഗയായ ഇവർ ചികിത്സയിലാണ്. നിലവിളി കേട്ട് നാട്ടുകാർ ഓടി വന്നപ്പോഴേക്കും അരുൺ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് സമീപത്തുള്ള മറ്റൊരു വീടിന്റെ ശുചിമുറിയിലൊളിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരിയകയാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്നും വലിയമല പോലീസ് അറിയിച്ചു. അതേസമയം കൊലപാതകത്തിന് പിന്നില്‍ പ്രതി അരുണിന്റെ വൈരാഗ്യമാണെന്ന് അമ്മ പറഞ്ഞു. അരുണ്‍ സൂര്യഗായത്രിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും എന്നാല്‍ മോഷണക്കേസില്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ വല്‍സല പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *