വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവത്തിൽ മോൻസൺ മാവുങ്കൽ തെളിവുകൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. ലാപ്‌ടോപ്പിലേയും ഡെസ്ക്ടോപ്പിലേയും വിവരങ്ങൾ മോൻസൺ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ലാപ്‌ടോപ്പും ഡെസ്ക്ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
എച്ച്എസ്ബിസി ബാങ്കിൽ പണം ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ്‌മോൻസൺ വ്യാജ രേഖ തയ്യാറാക്കിയത്. മോൻസൺ ഈ വ്യാജ രേഖ തയാറാക്കിയത് സ്വന്തം കംപ്യൂട്ടറിലാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അതേസമയം, തട്ടിപ്പ് കേസിൽ മോൻസനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം നടത്തുകയാണ് ക്രൈംബ്രാഞ്ച്. പാലാ സ്വദേശി രാജീവിന്റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് പുറത്ത് വരുന്ന സൂചന. 10 കോടി രൂപ തട്ടിയെന്ന പരാതിയിലായിരുന്നു നേരത്തെ മോൻസണെ കസ്റ്റഡിയിൽ വാങ്ങിയത്.

