മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പുറത്തുവിട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനോടൊപ്പം ഏഴ് പേരെയാണ് എൻസിബി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായവരിൽ ബോളിവുഡ് താരം അർബ്ബാസ് സേനത്ത് മർച്ചന്റുമുണ്ട്. എൻസിബി മുംബൈ ഡയറക്ടർ സമീർ വാഖഡെ ആണ് ഇക്കാര്യം അറിയിച്ചത്. മുൻമുൻ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. ഇന്റലിജൻസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ലഹരി പാർട്ടിയിലുൾപ്പെട്ടവരെ പിടികൂടിയത്.
കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും ഇനിയും കൂടുതൽ റെയ്ഡ് നടത്താൻ സാധ്യതയുണ്ടെന്നും എൻസിബി മേധാവി അറിയിച്ചു. മുംബൈ തീരത്ത് കോർഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാർട്ടി നടന്നത്. സംഗീത പരിപാടി എന്ന പേരിലാണ് ഇവിടെ ലഹരി പാർട്ടി സംഘടിപ്പിച്ചത്. രാജ്യത്തും വിദേശത്തുമുള്ള നിരവധി പ്രമുഖർ ഫാഷൻ ടിവി സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോർഡെലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലിൽ ശനിയാഴ്ച ലഹരിപാർട്ടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടർന്ന് യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ പ്രവേശിച്ചു. ഒക്ടോബർ രണ്ട് മുതൽ നാല് വരെ സംഘടിപ്പിച്ച പരിപാടി കപ്പൽ മുംബൈ തീരം വിട്ടപ്പോൾ തന്നെ ആരംഭിച്ചു. ലഹരി പാർട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
നിക്ഷ്പക്ഷമായ രീതിയിൽ നടപടി സ്വീകരിക്കുമെന്നും ബോളിവുഡ് താരങ്ങളോ വിദേശികളോ ഉൾപ്പെട്ടാലും വിട്ടുവീഴ്ച ചെയ്യില്ലെന്നും സമീർ വാഖഡെ വ്യക്തമാക്കി.
