ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ് ഐഎസ് കശ്മീര്‍ എന്ന പേരിലുള്ള സംഘടനയിൽ നിന്നുമാണ് ഭീഷണിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ ഗംഭീര്‍ ഡൽഹി പോലീസിന് പരാതി നൽകിയതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ ഗംഭീറിന്റെ വസതിയായ ഡൽഹിയിലെ രാജേന്ദ്ര നഗറിൽ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച്ച രാത്രിയാണ് ഇ മെയിൽ വഴിയാണ് അദ്ദേഹത്തിന് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ഭീഷണിസന്ദേശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ച ഇ മെയിൽ അഡ്രസ് പരിശോധിച്ചതിന് ശേഷം കൂടുതൽ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

