കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് കാട്ടുവയൽ സ്വദേശി കൃഷ്ണപ്രിയയെ ആണ് തിക്കോടി സ്വദേശി നന്ദു തീകൊളുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.
വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
പ്രണയ നൈരാശ്യത്തിന്റെ പേരിലായിരുന്നു കൊലപാതക ശ്രമം. ഇന്ന് രാവിലെയാണ് സംഭവം. ആദ്യം കുത്തുകയും മണ്ണെണ്ണ ഒഴിച്ച് തീയിടുകയുമായിരുന്നു. പിന്നാലെ യുവാവും സ്വയം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. 70 ശതമാനം പൊള്ളലോടെയാണ് കൃഷ്ണപ്രിയയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും.തിക്കോടി പഞ്ചായത്തിനു മുന്നിൽ വെച്ചായിരുന്നു കൊലപാതക ശ്രമം. യുവതി തിക്കോടി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയാണ്.
ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനഹാനി ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു
