ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള ഒരു പുതുവത്സരാശംസ ആയിരുന്നു ഇത്തവണ മോഹൻലാലിന്റേത്. ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് മോഹൻലാൽ ആരാധകരെ ഞെട്ടിച്ചത്. മോഹൻലാലിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ​ഗെറ്റപ്പിലാണ് ലാലിനെ ഫസ്റ്റ് ലുക്കിൽ കാണാൻ സാധിക്കുന്നത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് താരം ചിത്രത്തില്‍. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്റെ ചിത്രം പകര്‍ത്തിയത്. ടൈറ്റിൽ റോളിലാണ് മോഹൻലാൽ എത്തുന്നത്.

വാസ്കോ ഡ ​ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിനെ ഇതിവൃത്തമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ​ഗോവയിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം. ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *