ന്യൂഡല്‍ഹി: ആശങ്കയിലാഴ്ത്തി രാജ്യത്ത് കോവിഡ് മൂന്നാം തരംഗം വീശുകയാണ്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാള്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനമാണ്. 285 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്കും കുറഞ്ഞിട്ടുണ്ട്. 97.30 ശതമാനമാണ് നിവിലെ രോഗമുക്തി നിരക്ക്. ഒമിക്രോണ്‍ കേസുകളിലും വര്‍ധന രേഖപ്പെടുത്തി. 64 പേര്‍ക്ക് കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 3071 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ ബാധിതരുണ്ട്. 876 കേസുകളുള്ള മഹാരാഷ്ട്രയും 513 കേസുകളുള്ള ഡല്‍ഹിയുമാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും മുന്നില്‍. ഇതുവരെ 1203 പേരാണ് ഒമിക്രോണില്‍ നിന്ന് രോഗമുക്തി നേടിയത്. വ്യാപന ശേഷം കൂടുതലായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും വാക്‌സിനേഷന്‍ വേഗത്തിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

ഈ നിരക്കിൽ പോയാൽ അടുത്ത 11 ദിവസം കൊണ്ട് രണ്ടാം തരംഗത്തിലെ പീക്കിനെ (4,14,188) മറികടക്കും. അത്ര കുത്തനെയാണ് ഗ്രാഫ് പോകുന്നത്. മരണനിരക്ക് കൂടുമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ പറയുന്നത്. സജീവരോഗികളുടെ എണ്ണത്തിൽ ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം പേരുടെ(1,00,806) വർധനവാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *